Loading...
+91 9288003324

ക്രിസ്തുമസ് -പുതുവത്സര വിഭവം -കേരള അപ്പവും നോൺ വെജ് കുറുമയും

ആരവങ്ങളും പുത്തൻ പ്രതീക്ഷകളും നിറഞ്ഞു നിൽക്കുന്ന ക്രിസ്തുമസ് -പുതുവത്സര ആഘോഷങ്ങൾക്കു തുടക്കമായി.മിന്നിത്തിളങ്ങുന്ന നക്ഷത്ര വർണ്ണങ്ങളും അലങ്കാരങ്ങളും മിഴികളെ കവർന്നെടുക്കുമ്പോൾ, രുചികരവും വൈവിധ്യമാർന്നതുമായ വിഭവങ്ങൾ തയ്യാറാക്കി പ്രിയപ്പെട്ടവരോടൊത്തു ആസ്വദിക്കുവാനുള്ള തിരക്കിട്ട ഒരുക്കങ്ങളിലാകും എല്ലാവരും. പോഷകപ്രദവും സ്വാദിഷ്ഠവുമായ നമ്മുടെ കേരളവിഭവങ്ങൾ ലോകോത്തര ശ്രദ്ധയാകർഷിച്ചവയാണെന്നതിൽ നമുക്ക് അഭിമാനിക്കാം. ഈ ആഘോഷവേളയിൽ പാരമ്പര്യത്തിന്റെ പ്രൗഢി നിറക്കുന്ന മികച്ചൊരു പ്രാതൽ വിഭവമൊരുക്കിയാലോ? തനതു രുചിയിൽ തയ്യാറാക്കാം, കേരള അപ്പവും നോൺ വെജ് കുറുമയും.

ഇതിനാവശ്യമായ ചേരുവകൾ:

അപ്പം തയ്യാറാക്കാൻ: അരിപൊടി, പഞ്ചസാര, യീസ്റ്റ്/തെങ്ങിൻ കള്ള്, തേങ്ങാപാൽ , ഉപ്പ്‌

തയ്യാറാക്കുന്ന വിധം:

2 ടീസ്പൂൺ അരിപ്പൊടിയിൽ ഒരു കപ്പു വെള്ളം ചേർത്ത് ചെറുതീയിൽ വെച്ച് തുടരെയിളക്കി കുറുക്കി എടുക്കുക .ഇത് ചൂടാറിയ ശേഷം ബാക്കി അരിപ്പൊടിയും ആവശ്യത്തിന് പഞ്ചസാരയും ഒരു നുള്ള്‌ യീസ്റ് അല്ലെങ്കിൽ കുറച്ചു തെങ്ങിൻ കള്ള് ചേർത്ത്, തേങ്ങാപാൽ ഒഴിച്ചു ദോശമാവ് പരുവത്തിൽ കലക്കിയെടുക്കുക .മിക്സിയിൽ ഒന്നടിച്ചെടുക്കുന്നതു അപ്പത്തിന്റെ മാർദ്ദവം കൂട്ടാൻ നല്ലതാണ്.ഈ മാവ് അടച്ചു വെച്ച് പുളിക്കാനായി 5/6 മണിക്കൂർ മാറ്റിവെക്കുക .പതച്ചു പൊങ്ങി വരുമ്പോൾ അല്പം ഉപ്പു ചേർത്തിളക്കി ചെറുതീയിൽ അപ്പച്ചട്ടി വെച്ച് മാവൊഴിച്ചു അടച്ചു വെച്ച് അപ്പം വേവിച്ചെടുക്കാം .

നോൺ വെജ് കുറുമ തയ്യാറാക്കാൻ:

ഇതിനാവശ്യമായ ചേരുവകൾ:

ഇറച്ചി-ചെറുതായി നുറുക്കിയത്,ഉരുളക്കിഴങ്ങ്,പച്ചമുളക്,സബോള,ഇഞ്ചി,തക്കാളി,ഗരംമസാല(കറുകപ്പട്ട,തക്കോലം,ജാതിപത്രി,കരയാമ്പൂ,പെരുംജീരകം,കുരുമുളക്,ഏലക്ക),കറിവേപ്പില,ഉണക്ക മുന്തിരി,കശുവണ്ടി,നെയ്യ്,തേങ്ങാപാൽ,ഉപ്പ്‌

തയ്യാറാക്കുന്ന വിധം :

ഇഞ്ചി ,പച്ചമുളക് ,ചതച്ച കുരുമുളക് ,ഉപ്പ്‌ എന്നിവ ചേർത്ത് ഇറച്ചി നന്നായി വേവിച്ചെടുക്കുക .ഉരുളക്കിഴങ്ങ് ഉപ്പ്‌ ചേർത്ത് വെള്ളത്തിലിട്ടു പുഴുങ്ങി തൊലി കളഞ്ഞു ചെറുതാക്കി അരിഞ്ഞെടുക്കുക. നീളത്തിൽ കനം കുറച്ചു അരിഞ്ഞെടുത്ത സബോള ,പച്ചമുളക് ,ഇഞ്ചി ,എന്നിവ ഒരു പാനിൽ വെളിച്ചെണ്ണയൊഴിച്ചു ചെറുതീയിൽ വെച്ച് വഴറ്റിയെടുക്കുക .ഇതിലേക്ക് അല്പം പെരുംജീരകം ,ഗ്രാമ്പൂ ,കറുകപ്പട്ട ,തക്കോലം ,ജാതിപത്രി എന്നിവ ചതച്ചെടുത്തത് ചേർക്കുക. നന്നായി വഴന്നു വരുമ്പോൾ നീളത്തിൽ അരിഞ്ഞെടുത്ത തക്കാളി കൂടെ ചേർക്കുക. വേവിച്ചെടുത്ത ഇറച്ചിയും ഉരുളക്കിഴങ്ങും ആവശ്യത്തിന് ഉപ്പും ചേർത്തിളക്കി തേങ്ങപ്പാൽ ചേർത്ത് തിളപ്പിക്കുക. ഏലക്കായ പൊടിച്ചത് കട്ടിയുള്ള തേങ്ങാപ്പാലിൽ ചേർത്തിളക്കി കുറുമക്കറിയിലേക്കു ചേർക്കാം. ശുദ്ധമായ പശുവിൻ നെയ്യിൽ വറുത്തെടുത്ത കശുവണ്ടിയും ഉണക്കമുന്തിരിയും കറിവേപ്പിലയും ചേർത്ത് ഈ വിഭവത്തെ കൂടുതൽ രുചികരവും പോഷകസമ്പന്നവുമാക്കാം.

നോൺ വെജ് വിഭവങ്ങൾ കഴിക്കുമ്പോൾ പച്ചക്കറി സാലഡുകൾ കൂടി ഭക്ഷണത്തിന്റെ ഭാഗമാക്കുന്നതു നമ്മുടെ ദഹനത്തെ മെച്ചപ്പെടുത്താനും പോഷകങ്ങളുടെ സന്തുലിതമായ ആഗിരണത്തിനും വളരെ ഫലപ്രദമാണ് . ഗ്രീൻ കാബേജ്ജ് ,സാലഡ് കാക്കരിക്ക ,തക്കാളി ,സബോള ,പച്ചമുളക് എന്നിവ നീളത്തിൽ കനം കുറച്ചരിഞ്ഞു അല്പം തെങ്ങിൻ ചൊറുക്കയും ഉപ്പും കുരുമുളക് പൊടിയും ചേർത്ത് പച്ചക്കറി സാലഡ് തയ്യാറാക്കാം. ആരോഗ്യം തന്നെയാണ് ഏറ്റവും മികച്ച സമ്പത്ത് .അതിനാൽ നാം തയ്യാറാക്കുന്ന ഭക്ഷണവും ആരോഗ്യപ്രദമാണെന്ന് ഉറപ്പു വരുത്തേണ്ടതുണ്ട്.വിപണിയിൽ നിന്ന് ഉൽപന്നങ്ങൾ വാങ്ങുമ്പോൾ ഗുണനിലവാരമുള്ളതും പുതുമ നഷ്ടപെടാത്തതുമായവ പ്രത്യേകം തെരഞ്ഞെടുക്കുവാൻ ശ്രദ്ധിക്കണം . ആഘോഷവേളകളെ സുസ്ഥിരമായ ആരോഗ്യ പരിപാലനം പ്രോത്സാഹിപ്പിക്കുവാനും ഊർജ്ജം പകരാനുമുള്ള അവസങ്ങളാക്കാം

back-to-top